മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസികളില്‍ നിന്നും പോലിസില്‍ നിന്നും അപമാനമേറ്റു; യുവതി ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മാനസിക പീഡനത്തെ തുടര്‍ന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടര്‍ന്ന് അയല്‍വാസികളില്‍ നിന്നും പോലിസില്‍ നിന്നും നേരിട്ട മാനസിക പീഡനത്തില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി.
താന്‍ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭര്‍ത്താവിന്റെ വീടിന്റെ അടുത്തുള്ള അയല്‍വാസിയായ യുവാവും കുടുംബവും ചേര്‍ന്ന് ജസീലയ്‌ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടര്‍ന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പോലിസ് സ്റ്റേഷനില്‍ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ യുവതിയെ ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ സാമൂഹിക മാധ്യമത്തില്‍ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
സ്വര്‍ണം മോഷ്ടിച്ചെന്ന ആരോപണത്തില്‍ ആദൂര്‍ പോലിസ് ചോദ്യം ചെയ്‌തെങ്കിലും ജസീലയ്ക്ക് എതിരെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ജസീലയുടെ മരണത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ജസീലയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
