കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരില്‍ യുവതിക്ക് മര്‍ദനം; ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റില്‍
യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു
കോട്ടയം: ആഭിചാരക്രിയയുടെ പേരില്‍ ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂര മര്‍ദനം. കോട്ടയം തിരുവഞ്ചൂരിലാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ആഭിചാരക്രിയ. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിക്ക് മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.
ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പതു വരെ യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണര്‍ക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് മൂന്നുപേരെ പോലിസ് അറസ്റ്റു ചെയ്തത്. ഭര്‍ത്താവ് അഖില്‍ദാസ്, ഇയാളുടെ അച്ഛന്‍ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. ഭര്‍തൃമാതാവ് ഒളിവിലാണ്.