പ്രണയം നടിച്ച് മോഷണം; യുവതിയും സുഹൃത്തും അറസ്റ്റില്‍
ഇവര്‍ സ്‌കൂട്ടറും ഫോണും മോഷ്ടിച്ചു
കളമശ്ശേരി: പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്‌കൂട്ടറും ഫോണും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. എളമക്കര ചെമ്മാത്തു വീട്ടില്‍ സി എസ് അപര്‍ണ (20), സുഹൃത്ത് എടയ്ക്കാട്ടുവയല്‍ പടിഞ്ഞാറേ കൊല്ലംപടിക്കല്‍ പി എസ് സോജന്‍(25)എന്നിവരാണ് പിടിയിലായത്. വാട്‌സാപ്പിലൂടെ പരിചയപ്പെട്ട 24കാരനെയാണ് യുവതി കബളിപ്പിച്ചത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും ഫോട്ടോ പോലും കൈമാറിയിരുന്നില്ല. പിന്നീട് ഇടപ്പള്ളിയിലെ മാളില്‍ ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചു. സ്‌കൂട്ടറിലെത്തിയ യുവാവ് യുവതി പറഞ്ഞ കടക്കു മുന്നിലാണ് സ്‌കൂട്ടര്‍ വെച്ചത്. യുവതി മാളിലെത്തി യുവാവിനൊപ്പം കുറേ സമയം ചെലവഴിക്കുകയും തുടര്‍ന്ന് ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു.
ഇതിനിടെ യുവാവിന്റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും സ്‌കൂട്ടറിന്റെ താക്കോലും യുവതി കൈക്കലാക്കുകയും ഫോണിന്റെ പാസ്വേര്‍ഡ് മനസ്സിലാക്കുകയും ചെയ്തു. യുവാവ് കൈകഴുകാന്‍ പോയ സമയം ഫോണും സ്‌കൂട്ടറിന്റെ താക്കോലുമായി യുവതി മുങ്ങി. പുറത്തു കാത്തുനിന്ന സോജനൊപ്പം സ്‌കൂട്ടറെടുത്ത് പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി യുവാവിന്റെ അക്കൗണ്ടില്‍നിന്ന് 950 രൂപയും യുവതി സ്വന്തം ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് യുവതിയും സുഹൃത്തും കൂടി സ്‌കൂട്ടറില്‍ കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ പോയി. തിരിച്ച് പാലക്കാട്ടെത്തിയപ്പോള്‍ സ്‌കൂട്ടര്‍ കേടായി. തുടര്‍ന്ന് നമ്പര്‍പ്ലേറ്റും ബാറ്ററിയും അഴിച്ചുമാറ്റിയ ശേഷം ഇത് ഉപേക്ഷിച്ചു. ഇവിടെ വെച്ച് മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തു. പോലിസ് ഇവരെ മുളന്തുരുത്തിയില്‍നിന്നാണ് പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
