അവശ്യ ഭക്ഷ്യവസ്തുക്കളുടെയും സ്‌റ്റേഷനറി വസ്തുക്കളുടെയും ജിഎസ്ടി പിന്‍വലിക്കുക : വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാകാത്ത പക്ഷം നിലപാട് മാറ്റുന്നതുവരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വ്യക്തമാക്കി

Update: 2022-07-21 05:42 GMT

ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കേന്ദ്രസര്‍ക്കാര്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തി ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ്. ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില 50 രൂപ വര്‍ധിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍, അവശ്യ ഭക്ഷണത്തിനും സ്‌റ്റേഷനറി സാധനങ്ങള്‍ക്കും ധനമന്ത്രി 5% ജിഎസ്ടി ചുമത്തിയത് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അഫ്ഷാന്‍ അസീസ് ചൂണ്ടിക്കാട്ടി.

25 കിലോ വരെയുള്ള ചെറിയ പായ്ക്കറ്റുകള്‍ക്ക് മാത്രം നികുതി ചുമത്തി ചെറുകിട ഉപഭോക്താക്കളെ പോലും ലക്ഷ്യമിട്ടിരിക്കുകയാണ് ഈ നീക്കം. ഇതിനര്‍ത്ഥം, മൊത്തമായി വാങ്ങാനും വിതരണം പൂഴ്ത്തിവെക്കാനും കഴിയാത്ത താഴ്ന്ന, ഇടത്തരം കുടുംബങ്ങള്‍ അവരുടെ ഭക്ഷണത്തിനായി കൂടുതല്‍ പണം ചെലവഴിക്കണമെന്നാണോ?എന്നും അഫ്ഷാന്‍ അസീസ് ചോദിച്ചു.

25 കിലോയില്‍ കൂടുതല്‍ പയറുവര്‍ഗ്ഗങ്ങള്‍, റവ, മൈദ, അരി, തൈര്, പനീര്‍ തുടങ്ങി എല്ലാ പായ്ക്കറ്റുകളും സംഭരിക്കാന്‍ കഴിവുള്ളവര്‍ അതേ വില തന്നെ തുടരും. എന്നാല്‍ ഇത്രയും വലിയ തുക താങ്ങാന്‍ കഴിയാത്തവര്‍ ഈ അവശ്യ സാധനങ്ങള്‍ക്ക് 5% അധിക ജിഎസ്ടി നല്‍ണം. വിതരണ ശൃംഖലയിലെ അപാകതകള്‍ പരിശോധിക്കാനാണ് നടപടിയെന്നാണ് മന്ത്രി പറയുന്നത്. ഇത് രാജ്യത്തെ പാവപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ മറ്റൊരു നയമല്ലാതെ മറ്റൊന്നുമല്ലെന്നും അവര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍, ജനങ്ങളുടെ സര്‍വതോന്മുഖമായ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം, ചിന്താശൂന്യവും വിവേകശൂന്യവുമായ നികുതി നയങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അതിന്റെ തുടക്കം മുതല്‍ സാധാരണക്കാരന്റെ പോക്കറ്റിലേക്ക് ആഴ്ന്നിറങ്ങുന്ന വേദന മാത്രമാണ് നല്‍കി വരുന്നത്.സര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയം മൂലം സാധാരണക്കാരന്റെ കുടുംബങ്ങള്‍ കഷ്ടപ്പെടുന്നതിന്റെ വേദന മനസിലാക്കുന്നതായും, പാവപ്പെട്ടവരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെടുന്നതായും അഫ്ഷാന്‍ അസീസ് പറഞ്ഞു.സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാകാത്ത പക്ഷം നിലപാട് മാറ്റുന്നതുവരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഫ്ഷാന്‍ അസീസ് വ്യക്തമാക്കി.

Tags: