'അവള്‍ക്കൊപ്പം'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി
തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈഗികാതിക്രമക്കേസില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്യൂസിസി. സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്.
സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാറില്‍ നിന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അത്യാവശ്യമായ നിമിഷമാണ് ഇതെന്നും ഡബ്യൂസിസി പറഞ്ഞു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് ഡബ്യൂസിസി ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം....
അവള്‍ക്കൊപ്പം
ലോകസിനിമാ ഭൂപടത്തില്‍ കേരളം തനതു മുദ്ര പതിപ്പിച്ച ഐഎഫ്എഫ്‌കെ മലയാളികളുടെ അഭിമാനമാണ്.അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവര്‍ക്കുമുണ്ട്.
എന്നാല്‍ ഐഎഫ്എഫ്‌കെയുടെ മുപ്പതാമത്തെ അധ്യായത്തില്‍ ഫെസ്റ്റിവലിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മലയാള സിനിമാ വിഭാഗം സെലക്ഷണ്‍ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവര്‍ത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്ന ഒരു കടുത്ത അപഭ്രംശമാണ്.
സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്.
സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാറില്‍ നിന്നും അടിയന്തിരമായി ഇക്കാര്യത്തില്‍ നീതിയുക്തമായ ഇടപെടല്‍ അത്യാവശ്യമായ നിമിഷമാണ് ഇത്.
അതിക്രമം നടത്തിയ തലമുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുന്‍ എംഎല്‍എയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തുനിര്‍ത്തല്‍. അവള്‍ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്.

