ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്ന് തുടങ്ങും. വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു. എസ്‌ഐആര്‍ ചര്‍ച്ചചെയ്തില്ലെങ്കില്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സമ്മേളനം സുഗമമായി കൊണ്ടുപോവാന്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. 36 രാഷ്ട്രീയപ്പാര്‍ട്ടികളിലെ അന്‍പതോളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഡല്‍ഹിയിലെ വായുമലിനീകരണം, തൊഴിലില്ലായ്മ, പുതിയ തൊഴില്‍നയം, വിലക്കയറ്റം, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം, തുടങ്ങിയവയും ചര്‍ച്ചയാകും. ആണവോര്‍ജ ബില്‍, ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുക. എസ്‌ഐആര്‍ ചര്‍ച്ചചെയ്യുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കരണം ചര്‍ച്ചയ്‌ക്കെടുത്താല്‍മതിയെന്നും അപ്പോള്‍ എസ്‌ഐആര്‍ അവതരിപ്പിച്ചോളാമെന്നും സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എസ്‌ഐആര്‍, ലേബര്‍കോഡ്, പിഎംശ്രീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് മുസ്‌ലിംലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
