പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം; മൂന്നാം ദിനം

Update: 2025-12-03 05:21 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്നാം ദിവസത്തിലേക്ക്. ആദ്യദിവസം എസ്ഐആര്‍ വിഷയത്തിലും വോട്ട് ചോര്‍ത്തല്‍ ആരോപണത്തിലും പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. രണ്ടാം ദിവസം, പാര്‍ലമെന്റിന്റെ മകര്‍ ഗേറ്റിന് മുന്നില്‍ എസ്ഐആറിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

എസ്ഐആറിലും വോട്ട് ചോര്‍ത്തല്‍ ആരോപണങ്ങളിലും അടിയന്തര ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. 'വോട്ട് കള്ളന്മാരെ, സിംഹാസനം വിടൂ' എന്നായിരുന്നു സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. ഇതിനെത്തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇരുവിഭാഗത്തെയും വിളിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് തടസ്സങ്ങളില്ലാതെ സഭ പ്രവര്‍ത്തിക്കുമെന്ന് ധാരണയായി.

ബിര്‍ളയെ കണ്ട ശേഷം കോണ്‍ഗ്രസ് നേതാവ് കെ സുരേഷ്, ഡിസംബര്‍ 9 ന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ച് 10 മണിക്കൂര്‍ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞു. ഡിസംബര്‍ 8 ന്, വന്ദേമാതരത്തെക്കുറിച്ച് 10 മണിക്കൂര്‍ ചര്‍ച്ചയും ഉണ്ടാകും. പ്രധാനമന്ത്രി മോദി ചര്‍ച്ച ഉദ്ഘാടനം ചെയ്യും. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നീക്കം.

Tags: