ആലുവയിലെ കുഞ്ഞ് പീഡനത്തിനിരയായത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്: സനൂജ കുഞ്ഞുമുഹമ്മദ്

Update: 2025-05-23 12:15 GMT

കൊച്ചി: ആലുവയില്‍ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന മൂന്നര വയസ്സുകാരി കഴിഞ്ഞ ഒന്നര വര്‍ഷമായി പീഡനത്തിന് ഇരയായെന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ ട്രഷറര്‍ സനൂജ കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. പീഡന വിവരം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും അമ്മ പോലിസിനോട് പറഞ്ഞിരുന്നില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് പിതാവിന്റെ സഹോദരന്‍ തന്നെയാണ്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ അടുത്തിടെയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ പഴുതുകളിലൂടെ പലപ്പോഴും പ്രതികള്‍ രക്ഷപ്പെടുന്നത് കുറ്റകൃത്യങ്ങള്‍ തുടരുന്നതിന് കാരണമാകുന്നു. ഇത്തരം ആളുകള്‍ സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതിവേഗം വിചാരണ നടത്തി പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സനൂജ കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു.