സ്ത്രീവിരുദ്ധ പ്രസ്താവന: അടൂര്‍ ഗോപാലകൃഷ്ണനെതിരെ നിയമ നടപടി വേണം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
തിരുവനന്തപുരം: സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയ മുതിര്‍ന്ന സംവിധായകനും സിനിമ പ്രവര്‍ത്തകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരേ അടിയന്തര നിയമ നടപടി വേണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. സര്‍ക്കാര്‍ വേദിയിലിരുന്നാണ് അടൂര്‍ തരംതാണ പ്രസ്താവന നടത്തിയതെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. തൊഴിലാളികളെയും ദലിത്-ആദിവാസി സമൂഹങ്ങളെയും കടന്നാക്രമിക്കുന്നതാണ് അടൂരിന്റെ വാക്കുകള്‍. ഇത് വംശീയമായ അവഹേളനമാണ്.
നവോഥാനവും പുരോഗമനവും സാംസ്‌കാരികവും ഒക്കെ അവകാശപ്പെടുന്നവരുടെ ഉള്ളില്‍ കുടിയിരിക്കുന്ന ജാതീയതയും വംശവെറിയുമാണ് ഇവിടെ പ്രകടമാകുന്നത്. നിന്ദാപരവും അവഹേളനം നിറഞ്ഞതുമായ അടൂരിന്റെ വാക്കുകളെ പിന്തുണയ്ക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും സ്വീകരിക്കുന്ന നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഭരണഘടനാ മൂല്യങ്ങളും സാമൂഹിക നീതിയും നിഷേധിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ എത്ര ഉന്നതരായാലും ജനം പുച്ഛത്തോടെ തള്ളിക്കള്ളയും. അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവന പിന്‍വലിച്ച് സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം. അടൂരിന്റെ വിഭാഗീയപരവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനയ്‌ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സാമൂഹിക നീതിയില്‍ വിശ്വസിക്കുന്നവരും ഒരുമിച്ച് ഇതിനെതിരെ പ്രതികരിക്കണമെന്നും മേരി എബ്രഹാം അഭ്യര്‍ഥിച്ചു.