തിരുവനന്തപുരം: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ പറഞ്ഞു. വിവാദ ധര്‍മ്മസ്ഥല വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുക, കേരളത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ധര്‍മ്മസ്ഥലയില്‍ എത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടുക എന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 1998 നും 2014 നും ഇടയില്‍ നൂറോളം സ്ത്രീകള്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ധര്‍മ്മസ്ഥല പ്രദേശത്തുനിന്ന് കാണാതായ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും കേസുകള്‍, ബലാത്സംഗ കേസുകള്‍, അസ്വഭാവിക മരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സുനിത നിസാര്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ലൈല ഷെമീര്‍, ജില്ല കമ്മിറ്റി അംഗം ഹസീന സിദീഖ്, എസ്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി സലീം കരമന എന്നിവര്‍ സംസാരിച്ചു.