'നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല'; എന്‍സിഇആര്‍ടി പാഠഭാഗത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ അധ്യായത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പാഠഭാഗത്തിനെതിരേയാണ് കേസ്. നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും പുസ്തകം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമെന്നും ചീഫ് ജസ്റ്റിസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വമേധയാ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ദയവായി കുറച്ച് ദിവസം കാത്തിരിക്കൂവെന്നും. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും ഞാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിഇആര്‍ടി എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ 'ജുഡീഷ്യല്‍ അഴിമതി'യെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും അത് ഗുരുതരമാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സുപ്രിംകോടതിയുടെ പ്രതികരണം.
'എന്‍സിഇആര്‍ടിയുടെ എട്ടാം ക്ലാസ് പുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള ഒരു ഭാഗം ഉള്‍പ്പെടുന്നു! മന്ത്രിമാര്‍, പൊതുപ്രവര്‍ത്തകര്‍, അന്വേഷണ ഏജന്‍സികള്‍, സര്‍ക്കാരുകള്‍ എന്നിവരുള്‍പ്പെടേയുള്ള രാഷ്ട്രീയക്കാരുടെ വന്‍ അഴിമതിയെക്കുറിച്ച് എന്തിനാണ് പറയുന്നത്?' എന്ന് കപില്‍ സിബല്‍ നേരത്തെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
2016നും 2025നും ഇടയില്‍ സുപ്രിംകോടതിയിലേയും ഹൈക്കോടതികളിലേയും സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് 7,528 പരാതികള്‍ ലഭിച്ചതായി നിയമ മന്ത്രാലയം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്. ഫെബ്രുവരി 14ന്, എംപി ശ്രീ മാതേശ്വരന്‍ വിഎസിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, ഉന്നത ജുഡീഷ്യറിയിലെ അംഗങ്ങള്‍ക്കെതിരായ പരാതികള്‍ ജുഡീഷ്യറി വികസിപ്പിച്ചെടുത്ത ഒരു 'ഇന്‍-ഹൗസ് മെക്കാനിസം' വഴിയാണ് കൈകാര്യം ചെയ്യുന്നതെന്ന് നിയമ-നീതിന്യായ മന്ത്രാലയം പറഞ്ഞു.
