'സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം വര്‍ധിപ്പിക്കും'; അതിര്‍ത്തി വിഷയങ്ങളില്‍ ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

Update: 2025-10-29 07:43 GMT

ന്യൂഡല്‍ഹി: സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയം വര്‍ധിപ്പിക്കാന്‍ ധാരണയായി ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശന വേളയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഏഴുവര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ചൈന സന്ദര്‍ശനമായിരുന്നു ഇത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മേഖലയിലെ സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ആ സന്ദര്‍ശന വേളയില്‍, പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പറഞ്ഞിരുന്നു.

അഞ്ചുവര്‍ഷത്തിന് ശേഷം കൊല്‍ക്കത്തയ്ക്കും ഗ്വാങ്ഷൂവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. ചൈന-ഇന്ത്യ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ നിയന്ത്രണത്തെക്കുറിച്ച് സജീവവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടന്നെന്നാണ് റിപോര്‍ട്ടുകള്‍. തുടര്‍ന്നും ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനും ബന്ധം കൂടുതല്‍ ദൃഢമാക്കാനുമാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.

Tags: