'നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സ്വീകരിക്കും'; വി ഡി സതീശന്‍
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജമാഅത്തെ ഇസ് ലാമി അമീര്‍ തന്നെ മതരാഷ്ട്രവാദത്തെ തള്ളിപ്പറഞ്ഞതാണ്, പിന്നെ അവരുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും വി ഡി സതീശന്‍ ചോദിച്ചു. മുന്‍പത്തെ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ് ലാമി തങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇത്തവണയും അത് സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു. കാസര്‍കോട് നടക്കാനിരിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'മതരാഷ്ട്രവാദം ഇല്ല എന്ന് അവര്‍ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് അവരുടെ പിന്തുണ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? ഇത്തരം വാദങ്ങള്‍ അവര്‍ കൂടെ കൊണ്ടുനടന്നിരുന്ന കാലത്ത്, ഏകദേശം നാലു പതിറ്റാണ്ട് കാലത്തോളം അവര്‍ സിപിഎമ്മിന്റെ കൂടെയായിരുന്നു എന്ന കാര്യം മറക്കരുത്. അപ്പോഴൊന്നും ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
'സിപിഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എല്ലാവരും മതേതരവാദികളും സിപിഎം വിട്ടുകഴിഞ്ഞാല്‍ ഉടന്‍ വര്‍ഗീയവാദികളും ആകും. ആ നിലപാടിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. ജമാഅത്തെ ഇസ് ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇതെല്ലാം പ്രശ്നമാകുന്നത്. ആ നിലപാട് ശരിയല്ല.' അദ്ദേഹം വ്യക്തമാക്കി.
