മലപ്പുറം : മലപ്പുറം കാളികാവിൽ കൂട്ടിലകപ്പെട്ട നരഭോജി കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്ന് വിവരം. പതിനഞ്ച് വയസോളം പ്രായമുള്ള കടുവയ്ക്ക് കാഴ്ചക്കുറവുണ്ട്. അതിനാൽ തന്നെ കാട്ടിൽ തുറന്നു വിടാനാകില്ല. ഇര തേടാൻ വയ്യാത്ത അവസ്ഥയുള്ളതിനാൽ പുനരധിവസിപ്പിക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം, കടുവയെ പുറത്തുവിടുന്നതിനെതിരേ ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ പറഞ്ഞു കൊണ്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ മെയ് 15 നാണ് പ്രദേശത്തെ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചു കൊന്നത്. ആ കടുവ തന്നെയാകാം ഇപ്പോൾ കൂട്ടിലായതെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതർ.