ഗൂഡല്ലൂര്‍: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി റേഞ്ചില്‍ കാട്ടാനക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ കല്ലാപ്പളയം വനഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കൊമ്പനാനയുടെ ജഡം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സുരക്ഷിതമായി മാറ്റി. മുതുമല വന്യജീവി കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
പ്രാഥമിക പരിശോധനയില്‍ സ്വാഭാവിക മരണമെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, മരണകാരണം സ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു ലാബ് പരിശോധനയ്ക്കായി അയച്ചതായി അധികൃതര്‍ അറിയിച്ചു. റിപോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാവൂ.