'മുസ് ലിംകളോടോ കശ്മീരികളോടോ' ശത്രുത പുലര്‍ത്തരുതെന്ന് ഹിമാന്‍ഷി; പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്റെ ഭാര്യക്കെതിരേ സൈബര്‍ ആക്രമണം; അപലപനീയമെന്ന് വനിതാ കമ്മീഷന്‍
ഓരോ സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും പാനല്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി:ഏപ്രില്‍ 22 ന് പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ദേശീയ വനിതാ കമ്മീഷന്‍. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഹിമാന്‍ഷി മുസ് ലിംകള്‍ക്കെതിരേയും കശ്മീരികള്‍ക്കെതിരേയും വിദ്വേഷം പ്രകടിപ്പിക്കരുത് എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ക്കെതിരേയാണ് വന്‍തോതില്‍ സൈബര്‍ അറ്റാക്ക് നടക്കുന്നത്. അഭിപ്രായങ്ങളുടെ പേരില്‍ അവരെ ലക്ഷ്യമിടുന്നത് അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.
ഈ ആക്രമണത്തില്‍ രാജ്യം മുഴുവന്‍ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനെ സോഷ്യല്‍ മീഡിയയില്‍ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഒരു സ്ത്രീയുടെ അഭിപ്രായത്തിന്റെ പോരില്‍ അവരെ ലക്ഷ്യം വയ്ക്കുന്നതോ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ട്രോളുന്നതോ ഒട്ടും സ്വീകാര്യമല്ല,' കമ്മീഷന്‍ പറഞ്ഞു.
ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി കശ്മീരിലേക്ക് പോകുമ്പോഴാണ് 26 കാരനായ നാവിക ഉദ്യോഗസ്ഥനും മറ്റ് 26 പേരും ക്രൂരമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ ഹിമാന്‍ഷി നര്‍വാള്‍ ഇരിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ രാജ്യത്തെ മുഴുവന്‍ പിടിച്ചുലച്ചിരുന്നു.
ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ പ്രസ്താവനയില്‍ മുസ് ലിംകളോടോ കശ്മീരികളോടോ ശത്രുത പുലര്‍ത്തരുതെന്ന് ശ്രീമതി നര്‍വാള്‍ രാജ്യത്തോട് അഭ്യര്‍ഥിച്ചു. 'രാജ്യം മുഴുവന്‍ അദ്ദേഹത്തിനായി (വിനയ്) പ്രാര്‍ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് മുസ് ലിംകള്‍ക്കും കശ്മീരികള്‍ക്കും നേരെ വിദ്വേഷം വളരുന്നു എന്നതാണ്. ഞങ്ങള്‍ക്ക് ഇത് വേണ്ട. ഞങ്ങള്‍ സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ ,' ശ്രീമതി നര്‍വാള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹിമാന്‍ഷിയുടെ അഭ്യര്‍ഥനക്കെതിരേ നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അവരെ അപമാനിക്കുകയായിരുന്നു.
അതേസമയം, യോജിപ്പോ വിയോജിപ്പോ ഉണ്ടെങ്കില്‍ അത് എല്ലായ്‌പ്പോഴും മാന്യമായും ഭരണഘടനാ പരിധിക്കുള്ളിലും പ്രകടിപ്പിക്കണം. ഓരോ സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും പാനല്‍ വ്യക്തമാക്കി.

