ഭാര്യയ്ക്ക് അധ്യക്ഷസ്ഥാനം ലഭിച്ചില്ല; എല്‍ദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ

Update: 2025-12-26 12:36 GMT

കൊച്ചി: പെരുമ്പാവൂരില്‍ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിതനായി എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലറുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു.

ഒരു മാസം മുന്‍പാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. വാടക കരാര്‍ എഴുതിയിരുന്നില്ല. കെട്ടിട ഉടമയുടെ ഭാര്യ ജെസി എ ജി 20ാം വാര്‍ഡിലെ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ഡിസിസി കെ എസ് സംഗീതയെ അധ്യക്ഷയാക്കി. പിന്നാലെ ഭാര്യയ്ക്ക് അധ്യക്ഷ പദവി ലഭിക്കാതിരുന്നതോടെ എംഎല്‍എയോട് കെട്ടിടം ഒഴിയണമെന്ന് കൗണ്‍സിലറുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഈ കെട്ടിടം. ഇന്നുതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. മൂന്ന് വനിതകളാണ് അധ്യക്ഷ പദവിക്കായി രംഗത്തുണ്ടായിരുന്നത്. ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയാണ് പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണെ തീരുമാനിച്ചത്. സംഗീത കെ എസ്സാണ് ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്. 16 വോട്ടാണ് സംഗീത കെ എസ് നേടിയത്. രണ്ടു പേരാണ് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനം പങ്കിടുന്നത്. ആദ്യ രണ്ടര വര്‍ഷം സംഗീത കെ എസും അടുത്ത രണ്ടര വര്‍ഷം ആനി മാത്യുവും ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കും.