ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ല ഹൈക്കോടതി
കൊച്ചി: ഭര്‍ത്താവ് മരിച്ച ഭാര്യയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍ത്താവിന്റെവീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്. 2009ല്‍ ഭര്‍ത്താവ് മരിച്ചശേഷവും യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചത്. എന്നാല്‍, ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരമായി ശല്യംചെയ്യാന്‍ തുടങ്ങിയതോടെ സംരക്ഷണംതേടി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്നാണ് പാലക്കാട് സെഷന്‍സ് കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടിയത്. ഇതിനെതിരേ ഭര്‍ത്താവിന്റെ അമ്മയും സഹോദരങ്ങളും നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. യുവതിയെ പുറത്താക്കാന്‍ ശ്രമിച്ചതിനും ഗാര്‍ഹികപീഡനം നടന്നതിനും തെളിവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.