മോഷണക്കേസില്‍ ഭാര്യ പിടിയിലായി; യുവാവ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

Update: 2026-02-22 14:17 GMT

കൊല്ലം: ഭാര്യ മോഷണക്കേസില്‍ അറസ്റ്റിലായതിലെ മനോവിഷമത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശിയായ റഫീഖാണ്(35)വീടിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസില്‍ വെച്ച് ഒരു കുഞ്ഞിന്റെ സ്വര്‍ണക്കൊലുസ് മോഷ്ടിച്ച കേസില്‍ റഫീഖിന്റെ ഭാര്യ സബീനയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. സബീന ജയിലായ ശേഷം മകനെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് റഫീഖ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.