കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണമെന്ന് പരാതി. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നു. പുറമേരിയിലെ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലും, തൊട്ടടുത്തുള്ള കോട്ടത്ത് ക്ഷേത്രത്തിലുമാണ് സംഭവം. കഴിഞ്ഞ ദിവസം ഇരിങ്ങണ്ണൂര്‍ പുതിയോട്ടില്‍ ഭഗവതി ക്ഷേത്രം, കുമ്മങ്കോട് അയ്യപ്പ ഭജന മഠം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.
പുലര്‍ച്ചെ രണ്ടരയോടെയാണ് രണ്ടു ക്ഷേത്രങ്ങളില്‍ നിന്നു പണം മോഷ്ടിക്കപ്പെട്ടത്. ഭണ്ഡാരം കുത്തി തുറന്നാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. ഭണ്ഡാരത്തിലെ മുഴുവന്‍ പണവും മോഷ്ടാവ് കൈക്കലാക്കിയതായി ക്ഷേത്ര പൂജാരി പറഞ്ഞു. ശബ്ദം കേട്ട് ക്ഷേത്രജീവനക്കാരന്‍ സ്ഥലത്തെത്തിയപ്പോള്‍ കള്ളന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.