'ക്ലാസ് മുറികള്‍ ഇല്ലാതാകും'; 2050 ആകുമ്പോഴേക്കും വിദ്യാഭ്യാസത്തിന്റെ രീതി അടിമുടി മാറുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: 2050 ആകുമ്പോഴേക്കും ക്ലാസ് മുറികള്‍ ഇല്ലാതാകും. ഇത്തരമൊന്ന് നിങ്ങളില്‍ ആരെങ്കിലും ചിന്തിച്ചിട്ടിുണ്ടോ? എങ്കില്‍ ചിന്തിക്കാന്‍ സമയമായെന്ന് പറയുകയാണ് വൈജ്ഞാനിക ശാസ്ത്രജ്ഞനായ ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍.
ഹാര്‍വാര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ അടുത്തിടെ നടന്ന ഒരു ഫോറത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രവചനം നടത്തിയത്. 'ക്ലാസിലെ എല്ലാവരും ഒരേ കാര്യം ചെയ്യണമെന്നും, ഒരേ രീതിയില്‍ വിലയിരുത്തപ്പെടണമെന്നും ഉള്ള ആവശ്യം പൂര്‍ണ്ണമായും പഴയതായി തോന്നും.' അദ്ദേഹം വ്യക്തമാക്കി. ഒരേ അധ്യായങ്ങള്‍ ഒരു പോലെ മനപ്പാഠമാക്കുന്ന കുട്ടികളാല്‍ നിറഞ്ഞ ക്ലാസ് മുറികളിലല്ല പഠനത്തിന്റെ ഭാവി എന്ന് ഗാര്‍ഡ്‌നര്‍ വാദിച്ചു.
18 വയസ്സില്‍ പഠനം അവസാനിക്കില്ലെന്ന് അദ്ദേഹം പറയുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 2050 ആകുമ്പോഴേക്കും വിദ്യാര്‍ഥികള്‍ അവര്‍ ഓര്‍മ്മിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ക്ക് സങ്കല്‍പ്പിക്കാനും നിര്‍മ്മിക്കാനും കഴിയുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അടയാളപ്പെടുത്തുക.
ഇതിലേക്ക് എഐ എന്ന സാങ്കേതികവിദ്യ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം അടിവരയിടുന്നു. കൂടുതല്‍ വ്യക്തിപരവും, പര്യവേക്ഷണാത്മകവുമായ പഠനത്തിനാണിത് വഴിവക്കുകയെന്നും അദ്ദേഹം പറയുന്നു. കാണാപാഠം പഠിക്കുക എന്നത് മാറി, ക്രിയാത്മകമായി കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു തലമുറയിലേക്കുള്ള ചുവടുവെപ്പായിരിക്കും അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
