'നിന്റെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍, എന്റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പണിയെടുക്കുകയായിരുന്നു': ജാവേദ് അക്തര്‍

Update: 2025-08-16 09:46 GMT

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാശംസക്ക് വിദ്വേഷമറുപടിയുമായി വന്നയാള്‍ക്ക് ചുട്ടമറുപടി കൊടുത്ത് പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍. ഇതോടെ ജാവേദിന്റെ കമന്റ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തരത്തിലുള്ള പിന്തുണയാണ് ജാവേദിന് ലഭിക്കുന്നത്.


ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനത്തിലാണ് പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ എക്‌സിലൂടെ സ്വാതന്ത്ര്യ ദിനാംശസ പങ്കുവച്ചത്. 'എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും എന്റെ സ്വാതന്ത്ര്യദിനാശംസകള്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യം വളരെയധികം ത്യാഗങ്ങളിലൂടെ നേടിയെടുത്തതാണ്. അത് എളുപ്പത്തില്‍ കിട്ടിയതല്ല, ഇന്നത്തെ ദിവസം നമ്മള്‍ നമുക്ക് സ്വാതന്ത്ര്യം നേടാനായി ജയിലില്‍ കിടന്നവരെ ഓര്‍ക്കാനുള്ളതാണ്. ഈ വിലയേറിയ സമ്മാനം നമുക്ക് ഒരിക്കലും നഷ്ടമാകാതിരിക്കാന്‍ നമുക്ക് നോക്കാം'എന്നാണ് അദ്ദേഹം പങ്കുവച്ചത്

തൊട്ടുപിന്നാലെ, ' നിങ്ങള്‍ക്ക് ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനാശംസകള്‍ ' എന്നൊരു കമന്റ് വരികയായിരുന്നു.ഇതോടെ ശക്തമായ മറുപടിയുമായി അക്തര്‍ തിരിച്ചടിച്ചു. മകനേ, നിന്റെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍, എന്റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പണിയെടുക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ജാവേദ് അക്തറിന്റെ കുടുംബത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ശക്തമായ ബന്ധമുണ്ട് . അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ ഫസല്‍-ഇ-ഹഖ് ഖൈറാബാദി ഒരു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. 1857-ലെ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപത്തെ പിന്തുണച്ച് ഫത്വ നല്‍കിയ അദ്ദേഹം ആന്‍ഡമാനിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ മുസ്താര്‍ ഖൈറാബാദിയും പിതാവ് ജാന്‍ നിസാര്‍ അക്തറും കവികളായിരുന്നു. സ്വാതന്ത്ര്യം, നീതി, പ്രതിരോധം എന്നിവയെക്കുറിച്ച് എഴുതിയ അവരുടെ കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Tags: