ജൈനമത ഉല്‍സവത്തിന് ഒമ്പത് ദിവസം അറവുശാലകള്‍ പൂട്ടണമെന്ന് ഹരജി; നിയമമില്ലെന്ന് ഹൈക്കോടതി

Update: 2025-08-20 12:34 GMT

മുംബൈ: ജൈന മതക്കാരുടെ ഉല്‍സവത്തിന് ഒമ്പതുദിവസം അറവുശാലകള്‍ പൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ നിയമമില്ലെന്ന് ബോംബെ ഹൈക്കോടതി. മത ആഘോഷങ്ങള്‍ക്ക് അറവുശാലകള്‍ പൂട്ടണമെന്ന് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ മഹാരാഷ്ട്രയില്‍ ഇല്ലാത്തതിനാല്‍ കോടതിക്ക് സര്‍ക്കാരിന് ഒരു നിര്‍ദേശവും നല്‍കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു. ജൈന ഉല്‍സവങ്ങള്‍ക്ക് അറവുശാലകള്‍ പൂട്ടുന്ന പതിവ് ഗുജറാത്തിലെ അഹമദാബാദിലുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അവിടെ മുന്‍സിപ്പാലിറ്റിയാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് കോടതി ഇതിന് മറുപടി നല്‍കി.

അറവുശാലകള്‍ ഒമ്പതുദിവസം പൂട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനം ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തുടര്‍ന്ന് നിവേദനം ഒരിക്കലും കൂടി പരിഗണിക്കാന്‍ കോടതി ബിഎംസിക്ക് നിര്‍ദേശം നല്‍കി. അതിന് ശേഷം രണ്ടു ദിവസം അറവുശാലകള്‍ പൂട്ടണമെന്ന് ബിഎംസി ഉത്തരവിട്ടു. അതുപോരെന്ന് പറഞ്ഞാണ് ഹരജിക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ എത്തിയത്. തങ്ങളുടെ നിവേദനം ബിഎംസി ആത്മാര്‍ത്ഥമായി പരിശോധിച്ചില്ലെന്ന് ഹരജിക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് നിവേദനം ഒന്നുകൂടി പരിഗണിക്കാന്‍ ബിഎംസിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ ബിഎംസി പുതിയ തീരുമാനമെടുക്കണം.