മുണ്ടക്കൈ-ചൂരല്‍മല: '100 കോടിക്ക് മുകളില്‍ കോണ്‍ഗ്രസ് പിരിച്ചെന്നാണ് പറയപ്പെടുന്നത്, ആ പണമൊക്കെ എവിടെ?'; എം വി ഗോവിന്ദന്‍
ഒരു രൂപ പോലും കയ്യിലില്ലെന്ന് പറയുന്നവര്‍ എങ്ങനെയാണ് 230 വീടുകള്‍ നിര്‍മിക്കുകയെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കെന്ന പേരില്‍ പണം പിരിച്ച് വലിയ തട്ടിപ്പാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഫണ്ട് പിരിവ് സംബന്ധിച്ച് കോണ്‍ഗ്രസ് ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിട്ടില്ല. യുഡിഎഫിന്റെ കാര്യക്ഷമത വിലയിരുത്തുന്ന ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിരിവ് നടത്തി, ഒന്നരക്കൊല്ലം കഴിഞ്ഞശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞത് വീട് പണി പൂര്‍ത്തിയായശേഷം ജനങ്ങളോട് കണക്ക് പറയുമെന്നാണ്. വീട് പണി നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇന്നേവരെ ഒരു പണിയും ആരംഭിച്ചിട്ടില്ല. അഞ്ച് കോടി രൂപ മുടക്കി ഭൂമി വാങ്ങി എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നീട് പറഞ്ഞു. എന്നാല്‍ 3.2 കോടി രൂപ മാത്രമാണ് ചെലവാക്കിയതെന്ന് രേഖകള്‍ സഹിയം പിന്നീട് പുറത്തുവന്നു.
ആധാരം ചെയ്തുകഴിഞ്ഞിട്ടില്ലെന്നും പിരിച്ചതില്‍ കൂടുതല്‍ ചെലവായെന്നും പിന്നീട് സണ്ണി ജോസഫ് തിരുത്തി പറഞ്ഞു. വാങ്ങിയ സ്ഥലത്തിന് 93 ലക്ഷം രൂപ കെപിസിസി ഫണ്ടില്‍നിന്നും കൊടുക്കേണ്ടി വന്നുവെന്നും 73 ലക്ഷം രൂപ കൂടി ഇനിയും വേണ്ടി വരുമെന്നുമാണ് ഇപ്പോള്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയെന്ന് പറയുന്ന 1.5 കോടി രൂപയും ഇതിന്റെ ഒപ്പമാണെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
കേരളത്തിന്റെ അകത്തും പുറത്തും അനവധി പേരില്‍ നിന്നാണ് കോണ്‍ഗ്രസ് പണം പിരിച്ചത്. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടന മാത്രം ഒരുകോടി രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതാണ്. എംപിമാരുടെയും എംഎല്‍എമാരുടെയും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ചതുമായ ഫണ്ടുകള്‍ വേറെയുണ്ട്. ഇതിന് പുറമെയാണ് ആപ്പ് വഴി ശേഖരിച്ച ഫണ്ട്. 100 കോടിക്ക് മുകളില്‍ കോണ്‍ഗ്രസ് പിരിച്ചെന്നാണ് പറയപ്പെടുന്നത്. ഈ പണമൊക്കെ എവിടെപ്പോയി? ഒരുരൂപ പോലും കയ്യിലില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് എങ്ങനെയാണ് 230 വീടുകള്‍ നിര്‍മിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
