ഒരു വളവ് തിരിഞ്ഞ് വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആരേയും കാണാനില്ല; വനത്തില്‍ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ

Update: 2026-04-05 14:20 GMT

ബെംഗളൂരു: കര്‍ണാടക കുടകിലെ വനത്തില്‍ ഒറ്റയ്ക്ക് നാലുദിവസം അതിജീവിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ട്രക്കിങ്ങിനിടെ കാണാതായ മലയാളി ശരണ്യ. തനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും ഓകെയാണെന്നും ശരണ്യ പറഞ്ഞു. തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ശരണ്യ നന്ദി പറഞ്ഞു. 10 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനായി പോയത്. എന്നാല്‍ ഇടയ്ക്ക് ഒരു മലയിറങ്ങവേ തനിക്ക് വഴിതെറ്റിയെന്നും ഒറ്റപ്പെട്ടുപോയെന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.

താന്‍ വനത്തിലൂടെ നടന്നുവരുന്നതിനിടെ ഒരു ഇറക്കത്തിന് മുകളിലും താഴെയും തന്റെ കൂടെയുള്ളവര്‍ നില്‍ക്കുന്നതായി കണ്ടിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു വളവ് തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളിലുള്ളവരേയും താഴെയുള്ളവരേയും കാണാതെയായി. ഇതോടെ വഴി തെറ്റിയെന്ന് ബോധ്യമായി. താഴേക്കാണല്ലോ പോകേണ്ടതെന്ന് കരുതി താഴേക്ക് പോയി. പക്ഷേ താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. കുറച്ച് കഴിഞ്ഞപ്പോള്‍ നെറ്റ് വര്‍ക്ക് പൂര്‍ണമായും നഷ്ടമായി.

ഒരിടത്ത് വച്ച് അല്‍പ്പം നെറ്റ്വര്‍ക്ക് വന്നപ്പോള്‍ സുഹൃത്തിന് മെസേജ് അയയ്ക്കാന്‍ നോക്കി. അധികൃതരെ ബന്ധപ്പെടാനായി ശ്രമിച്ചപ്പോഴേക്കും ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. ഭക്ഷണം ഉണ്ടായിരുന്നില്ല. കയ്യില്‍ 500 മില്ലിയുടെ വെള്ളക്കുപ്പി മാത്രമായിരുന്നു ഉണ്ടായത്. രാത്രി 6.45വരെ അന്ന് ഞാന്‍ നടന്നു. വൈകീട്ട് വരെ താന്‍ പറ്റാവുന്നിടത്തോളം നടന്നെന്നും പിന്നീട് ഒരു അരുവിയും അരികില്‍ പാറയും കണ്ടപ്പോള്‍ നടത്തം നിര്‍ത്തിയെന്നും ശരണ്യ പറഞ്ഞു. മഴ പെയ്ത് പാറകളും മറ്റും വഴുക്കുന്ന നിലയിലായിരുന്നു. രണ്ട് ദിവസം കാര്യമായി നടക്കാന്‍ ശ്രമിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ അവിടെ കാത്തിരുന്നുവെന്നും ശരണ്യ പറഞ്ഞു.

നാല് ദിവസത്തെ തെരിച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.