'ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്‍'- മുഖ്യമന്ത്രി

Update: 2025-12-05 14:26 GMT

കൊച്ചി: ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന പ്രവര്‍ത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഭാവിയിലെ നിക്ഷേപം എന്നു പറഞ്ഞ് സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് ഇതുവരെ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് രാഹുലിനെ മാറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേസുകളില്‍പ്പെട്ട് ജയിലില്‍ കിടന്ന എംഎല്‍എമാര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നും എന്തുകൊണ്ടാണ് അവരെ പുറത്താക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പോലിസ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ പോലിസിന്റെ കണ്ണു വെട്ടിച്ച് സംരക്ഷണം ഒരുക്കുന്ന നടപടികള്‍ ഉണ്ടാവുന്നുണ്ട്. ബോധപൂര്‍വം സംരക്ഷിക്കാന്‍ നടപടി എടുത്തു എന്നു തന്നെ സംശയിക്കണം. സിപിഎം നടപടി എടുക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയല്ല. ഇത്തരത്തിലുള്ള കുറ്റം ചെയ്തതിനു ജയിലില്‍ കിടന്ന എല്‍ദോസ് കുന്നപ്പള്ളിക്കും എ വിന്‍സന്റിനും എതിരേ കോണ്‍ഗ്രസ് നടപടി എടുത്തോ? അവര്‍ ഇപ്പോഴും ഒപ്പമില്ലേ? രാഹുലിനെ സംബന്ധിച്ച് പുറത്തു വന്നതെല്ലാം മനസാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്ന വൈകൃതങ്ങളാണ്. ഈ ലൈംഗിക വൈകൃതക്കാരന്റെ നപടികള്‍ പൊതു പ്രവര്‍ത്തകനോ പൊതുസമൂഹത്തിനോ ചേര്‍ന്നതാണോ? ആരോപണങ്ങള്‍ വരുമ്പോള്‍ തന്നെ മാറ്റി നിര്‍ത്താനല്ലേ ശ്രമിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേത്യത്വം നേരത്തേ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്ന രീതിയില്‍ അവതരിപ്പിക്കുകയാണോ കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടിയിരുന്നത്. അതെല്ലാം നേത്യത്വം പരിശോധിക്കേണ്ടതായിരുന്നു. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇത് തീര്‍ത്തും കളഞ്ഞുകുളിക്കുന്നത് ശരിയാണോ'- മുഖ്യമന്ത്രി പറഞ്ഞു.

പീഡനത്തിനിരയായ അതിജീവിതയില്‍ നിന്ന് പരാതി സ്വീകരിച്ച് നടപടിയെടുത്തെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിയുടെ പ്രതികരണം ഇതാദ്യമാണ്. പരാതികള്‍ നേരിടുന്ന രാഹുലിനെതിരേ മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന വാദത്തെ ചോദ്യം ചെയ്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. രാഹുലിനെ കുറിച്ച് എതിര്‍പ്പ് പറയുന്നവരെ ആക്രമിക്കാനാണ് സൈബര്‍ വെട്ടുകിളികള്‍ എന്നു വിളിക്കുന്നവര്‍ ചെയ്യുന്നത്. ഇയാളെ തൊട്ട് ആരും പറയാന്‍ പാടില്ല. തയാറായാല്‍ ഭയങ്കര അസഭ്യ വര്‍ഷവും ആക്ഷേപവും അവഹേളിക്കലുകളുമാണ്. രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോട് ചോദിക്കുമ്പോള്‍ സ്വന്തം അനുയായികള്‍ തന്നെ ബഹളം വെയ്ക്കുന്നു. ആരും ഇദ്ദേഹം ചെയ്ത തെറ്റുകള്‍ പറയാന്‍ പാടില്ല എന്നാണോ? സംരക്ഷണ വലയം തീര്‍ക്കുന്നത് എന്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.