'ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ എന്ത് ചെയ്തു': എം വി ഗോവിന്ദന്‍

Update: 2025-07-31 06:06 GMT

തിരുവനന്തപുരം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.മോദി അധികാരത്തില്‍ വന്ന ശേഷമാണ് ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും അവര്‍ അണിയുന്ന വസ്ത്രത്താല്‍ തിരിച്ചറിഞ്ഞ് ആക്രമിക്കുകയെന്ന രീതി ആവര്‍ത്തിക്കപ്പെടുന്നുവെന്നും ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ മറവു ചെയ്യാന്‍പോലും അനുവദിക്കാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷിതമാണെന്നും പറഞ്ഞ അദ്ദേഹം മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ മതം മാറണം എന്നതുള്‍പ്പെടെയുള്ള ഭീതിജനകമായ കല്‍പ്പനകളാണ് ഹിന്ദുത്വവാദികള്‍ നടത്തുന്നതെന്നും പറഞ്ഞു

ദുര്‍ഗില്‍ ഉണ്ടായതും സമാനമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിന് നാരായണ്‍പുരിലെ രണ്ട് പെണ്‍കുട്ടികള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ സിസ്റ്റര്‍മാര്‍ക്കൊപ്പം പോയി. റെയില്‍വേ ടിടിഇയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരെ ഈ വിവരം അറിയിച്ചത്. ഇതനുസരിച്ച് എത്തിയവരാണ് സിസ്റ്റര്‍മാരെയും പെണ്‍കുട്ടികളെയും ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അവരുടെ ഇച്ഛയ്ക്കനുസരിച്ച് ഭരണസംവിധാനമാകെ സിസ്റ്റര്‍മാര്‍ക്കെതിരെ തിരിഞ്ഞു.

അതായത് സിസ്റ്റര്‍മാര്‍ക്ക് ജാമ്യം കിട്ടുന്നത് തടയാനുള്ള ബോധപൂര്‍വമായ നീക്കം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്നുവേണം കരുതാന്‍. നടന്നത് മനുഷ്യക്കടത്താണെന്നും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞതില്‍നിന്ന് ഇത് വ്യക്തമാണ്.

ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഈ സിസ്റ്റര്‍മാരുടെ മോചനത്തിന് എന്തു ചെയ്‌തെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

Tags: