പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവച്ചു
പകരക്കാരനായി ആര്‍ എന്‍ രവിയെ നിയമിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് ആനന്ദബോസിന്റെ രാജി. ഡല്‍ഹിയിലെത്തിയ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 2022 നവംബറിലാണ് കോട്ടയം മണ്ണാനം സ്വദേശിയായ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നര വര്‍ഷത്തോളം പദവിയിലിരുന്ന ശേഷമാണ് രാജി.
മമത ബാനര്‍ജി സര്‍ക്കാരുമായി നിരന്തരമായ ഭരണഘടനാപരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് രാജി. രാജിക്കത്തില്‍ പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. സി വി ആനന്ദബോസിന്റെ രാജിയെത്തുടര്‍ന്ന് നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചു. അതേസമയം, ഗവര്‍ണറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വ്വം രാജിവെപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.