വെസ്റ്റ്ബാങ്കില്‍ നിന്നും 1500 ചെമ്മരിയാടുകളെ മോഷ്ടിച്ച് ജൂത കുടിയേറ്റക്കാര്‍

Update: 2025-03-11 16:27 GMT

റാമല്ല: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധിനിവേശം തുടരുന്നതിനിടെ ഫലസ്തീനികളുടെ 1,500 ചെമ്മരിയാടുകളെ ജൂത കുടിയേറ്റക്കാര്‍ മോഷ്ടിച്ചു. ജോര്‍ദാന്‍ താഴ്‌വരയിലെ അറബി ആട്ടിടയന്‍മാരുടെ ചെമ്മരിയാടുകളെയാണ് ജൂത കുടിയേറ്റക്കാര്‍ മോഷ്ടിച്ചിരിക്കുന്നതെന്ന് യുഎസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. 2023ന് ശേഷം ആട് മോഷണം വ്യാപകമാണെങ്കിലും ഇത്രയും അധികം ആടുകളെ ഒരുമിച്ച് മോഷ്ടിച്ചത് ഇതാദ്യമാണെന്ന് റിപോര്‍ട്ട് പറയുന്നു.

''ഇതുവരെയുണ്ടായ ആട് മോഷണങ്ങളില്‍ ഏറ്റവും വലിയ സംഭവമാണ് ഇത്. എന്റെ മാത്രം 70 ആടുകളെ അവര്‍ കൊണ്ടുപോയി. ഫലസ്തീന്‍ അതോറിറ്റിയുടെ പോലിസുകാരോട് സഹായം ചോദിച്ചിട്ട് കാര്യമില്ല. പരാതി കൊടുത്താല്‍, അവ നിന്റെ ആടുകള്‍ ആണെന്നതിന് എന്താണ് തെളിവെന്നാണ് തിരിച്ചു ചോദിക്കുക.''-ആട്ടിടയനായ ഹാനി സായിദ് പറഞ്ഞു.

ഇസ്രായേലി സൈന്യത്തിന്റെ അകമ്പടിയോടെ മുഖംമൂടി ധരിച്ചെത്തിയ കുടിയേറ്റക്കാരാണ് 1,500 ആടുകളെ പിക്കപ്പ് ട്രക്കുകളിലാക്കി കൊണ്ടുപോയത്. മുമ്പ് ജൂത കുടിയേറ്റക്കാര്‍ അധികം ശ്രദ്ധകേന്ദ്രീകരിക്കാത്ത പ്രദേശമായിരുന്നു ജോര്‍ദാന്‍ താഴ്‌വര. ഇപ്പോള്‍ ഇവിടെയും അവര്‍ കൂടുതലായി എത്തുന്നു. തട്ടിയെടുക്കുന്ന ആടുകളെ മറ്റു ഫലസ്തീനികളുടെ ഭൂമിയിലാണ് മേയാന്‍ വിടുന്നത്.