പശ്ചിമേഷ്യന്‍ സംഘര്‍ഷം; ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറി ലോജിസ്റ്റിക്‌സ് കമ്പനികള്‍
മനാമ: മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം വലിയ പ്രതിസന്ധിയിലായതായി റിപോര്‍ട്ട്. ഇതിനെ മറികടക്കാന്‍ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരികയാണെന്ന് ബഹ്‌റയ്ന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്‍ഡ് എനര്‍ജി സ്റ്റഡീസ് വ്യക്തമാക്കി.
പ്രതിസന്ധി ബഹ്‌റയ്‌ന്റെ വിതരണ ശൃംഖലയെയും സമ്പദ്‌വ്യവസ്ഥയെയും ഗൗരവമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1,900 കപ്പലുകള്‍ സഞ്ചരിച്ചിരുന്ന പാതയില്‍ ഇപ്പോള്‍ വെറും 100 കപ്പലുകള്‍ മാത്രമാണ് സഞ്ചരിക്കുന്നത്. വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി കപ്പലുകള്‍ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി സഞ്ചരിക്കേണ്ടിവരുന്നത് യാത്രാസമയം 10 മുതല്‍ 14 ദിവസത്തോളം വര്‍ധിപ്പിച്ചു. ഇതോടൊപ്പം ചരക്ക് കൂലി, യുദ്ധകാല ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയും കുത്തനെ ഉയര്‍ന്നത് ഇറക്കുമതി കയറ്റുമതികളെ ബാധിച്ചു.
ബാപ്‌കൊ എനര്‍ജീസ്, അല്‍ബ തുടങ്ങിയ കമ്പനികള്‍ ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് കരാറുകള്‍ പാലിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 'ഫോഴ്‌സ് മജ്യൂര്‍' പ്രഖ്യാപിച്ചു. ഊര്‍ജ്ജം, പെട്രോകെമിക്കല്‍സ്, പ്ലാസ്റ്റിക്, കൃഷി മേഖലകള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി. അതേസമയം, സൗദി വഴിയുള്ള കരമാര്‍ഗ ചരക്കുനീക്കം അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായകമാകുന്നു. ജിദ്ദ, യാംബു തുടങ്ങിയ തുറമുഖങ്ങള്‍ പ്രധാന ബദലുകളായി മാറിയിട്ടുണ്ട്. കൂടാതെ, കിങ് അബ്ദുല്‍ അസീസ് തുറമുഖം മുതല്‍ ഖലീഫ ബിന് സല്‍മാന്‍ തുറമുഖം വരെ പുതിയ ഷിപ്പിംഗ് സര്‍വീസ് ആരംഭിച്ച എംഎസ്സി ഷിപ്പിങ് സര്‍വീസ്, ഒരു യാത്രയില്‍ 3,000 കണ്ടെയ്‌നറുകള്‍ വരെ നേരിട്ട് എത്തിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
