അതിതീവ്ര മഴ മുന്നറിയിപ്പ്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 7 ദിവസം കേരളത്തില്‍ കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഏകദേശം 244 മില്ലിമീറ്ററിലധികം മഴ ലഭിക്കും. 25ാം തീയ്യതി, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.
അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തികൂടിയ ന്യുനമര്‍ദ്ദമായി മാറിയിട്ടുണ്ട്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യുനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസത്തിനുിള്ളില്‍ കാലവര്‍ഷം എത്തുമെന്നാണ് സൂചനകള്‍.
കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു തന്നെ പെയ്യുന്നതാണ് അതിതീവ്രമഴ. അതുകൊണ്ടു തന്നെ മണ്ണിടിച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി.
