തിരുവനന്തപുരം: ഡിറ്റ്‌വ ചുഴലിക്കാറ്റ് ദുര്‍ബലമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി തുടരുന്ന മഴ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ഏഴു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത.
ഡിറ്റ്‌വ പിന്‍വാങ്ങിയതോടെ കേരളത്തിന് മുകളിലൂടെ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ചെറിയ തോതില്‍ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ശബരിമലയിലും വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ ഡിറ്റ്‌വ ചുഴലിക്കാറ്റ് ന്യൂനമര്‍ദ രൂപത്തില്‍ തുടരുകയാണ്. തീരദേശ മേഖലകള്‍ക്കും മലയോര പ്രദേശങ്ങളിലും ഇടവിട്ട് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് നീലഗിരി, ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടാനിരുന്ന ആറു വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കി.
ചെന്നൈ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവായതായി അധികൃതര്‍ അറിയിച്ചു. ഡിറ്റ്‌വ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ മരണം 390 ആയി ഉയര്‍ന്നു. 252 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.