ദുബായ്: യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കാമെന്നും, ഡ്രൈവര്‍മാര്‍ യാത്രയ്ക്കിടെ പരമാവധി ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് യുഎഇയിലുടനീളം പൊടിക്കാറ്റ് അനുഭവപ്പെട്ടു. അബുദാബിയില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ് റിപോര്‍ട്ട് ചെയ്തതിനാല്‍ ദൃശ്യപരത കുറയുകയും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്‍സിഎം പ്രകാരം, ബുധനാഴ്ച മുതല്‍ കിഴക്കന്‍ മേഖലകളിലും മലയോര പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും 45 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ചൂട് കുറയാനിടയുള്ളതിനാല്‍ മുന്നറിയിപ്പ് ശക്തമാക്കി.
പടിഞ്ഞാറന്‍ മേഖലയില്‍ മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അധിക ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
റാസല്‍ഖൈമയിലെ ജൈസ് പര്‍വതത്തില്‍ ഇന്ന് പുലര്‍ച്ചെ 4.45നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 25.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
