തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. 20, 21 തിയ്യതികളില്‍ ഇടുക്കി ജില്ലയിലും നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖ മുകളിലായാണ് ഇപ്പോഴുള്ളത്. ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.