കേരളത്തെ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണം, അങ്ങനെയുള്ള ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല: മുഖ്യമന്ത്രി

Update: 2025-08-02 07:21 GMT

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്‌കാരം നല്‍കിയത് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സമൂഹത്തെ അപകടത്തില്‍ പെടുത്തുന്നവയ്ക്കു കൊടുക്കുന്ന അംഗീകാരത്തെ ഒരുതരത്തിലും കലയ്ക്കുള്ള അംഗീകാരമായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെ ഇടിച്ചു ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതാണ് ഇന്നലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വഴി ഉണ്ടായതെന്നും അദ്ദേഹം വിശദമാക്കി. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇത് മറ്റു പുരസ്‌കാരങ്ങളുടെ മൂല്യം കുറക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കോണ്‍ക്ലേവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: