പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്ന് ആലോചിക്കണം; എം എ ബേബി

Update: 2026-04-03 12:18 GMT

മലപ്പുറം: എസ്എന്‍ഡിപി യോഗം മുന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ താന്‍ വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലക്കും നിരക്കുന്നതാണോ എന്ന് ചിന്തിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും എം എ ബേബി പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാനോ അദ്ദേഹം പറയുന്ന എല്ലാത്തിനേയും ന്യായീകരിക്കാനോ ഇടതുപക്ഷ ജനാധിപത്യ മുന്നറിയോ സിപിഎമ്മോ തയാറായിട്ടില്ല. അക്കാര്യത്തില്‍ സിപിഎം അന്ന് തന്നെ പ്രസ്താവന ഇറക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ താന്‍ വഹിക്കുന്ന ചുമതലയും ഉത്തരവാദിത്തവും ഓര്‍ക്കണം. ശ്രീനാരായ ഗുരുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആ സ്ഥാനത്തിന് നിരയ്ക്കുന്നതാണോ എന്ന് അദ്ദേഹത്തിന് തന്നെ സംശയം തോന്നുന്ന തരത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. വെളളാപ്പളളി നടേശനെ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ കയറ്റിയത് അംഗീകാരം കൊടുക്കലല്ല. അത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും എം എ ബേബി വ്യക്തമാക്കി.

പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദ വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. തന്റെ അറിവോടെ അല്ലെന്നും, ഇടതുമുന്നണിക്ക് വോട്ട് പിടിക്കാന്‍ ഇതിന്റെ ആവശ്യം ഇല്ലന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. മുസ് ലിം ലീഗില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്നും നൂര്‍ബിന റഷീദ് രാജിവച്ചത് ലീഗില്‍ പ്രശ്നങ്ങളുണ്ടെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ഉണ്ടായിരുന്നു. തൃശൂരിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ അത് കണ്ടതാണ്. കൊല്ലത്തും തിരുവനന്തപുരത്തും എല്ലാം സമാന നീക്കങ്ങളുണ്ടായി. തിരുവനന്തപുരം കോര്‍പറേഷന്‍ ജയിക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്നും ബിജെപി ജയിച്ചതും അങ്ങനെയാണെന്നും എം എ ബേബി പറഞ്ഞു.

Tags: