'ഇതിനുപിന്നില്‍ ദേശീയ ശൃംഖലയുണ്ടോ എന്ന് കണ്ടെത്തണം'; കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികളെ കാണാതാകുന്ന സംഭവത്തിനു പിന്നില്‍ രാജ്യവ്യാപകമായ ഒരു ശൃംഖലയുണ്ടോയെന്ന് സുപ്രിംകോടതി. ഇവ സംസ്ഥാന തലത്തിലുള്ള സംഭവങ്ങളാണോ അതോ കേസുകള്‍ക്ക് പിന്നില്‍ ഒരു ദേശീയ ശൃംഖലയുണ്ടോ എന്നു കണ്ടെത്തണമെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടികളെ കാണാതാകുന്നതില്‍ ഒരു രീതി ഉണ്ടോ എന്ന് നിര്‍ണ്ണയിക്കേണ്ടത് നിര്‍ണായകമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കാണാതായ കുട്ടികളെക്കുറിച്ചും പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചില സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരു ഡസനോളം സംസ്ഥാനങ്ങള്‍ ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതുവരെ, വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ പ്രയാസമാണെന്ന് അവര്‍ പറഞ്ഞു.
ഇത് ഒരു പതിവ് രീതിയാണോ അതോ വെറും യാദൃശ്ചികതയാണോ എന്നു ചോദിച്ച കോടതി ഈ സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരാണെന്ന് നിര്‍ണ്ണയിക്കാന്‍ രക്ഷപ്പെടുത്തിയ കുട്ടികളെ ചോദ്യം ചെയ്യണമെന്നും നിര്‍ദേശിച്ചു. കൂടാതെ, ഡാറ്റ നല്‍കാത്ത സംസ്ഥാനങ്ങളോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. ആവശ്യമെങ്കില്‍ കര്‍ശനമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
