'ഗസക്കുവേണ്ടി സംസാരിക്കണം'; മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി തന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ ഗസക്കുവേണ്ടി സംസാരിക്കണമെന്ന് പ്രിയങ്കാ ഗാന്ധി എംപി. ഗസയ്ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടതെന്നും അത് വ്യക്തമായി അവിടെപോയി സംസാരിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തന്റെ എക്‌സ് പേജിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ഫെബ്രുവരി 25 26 തീയതികളിലാണ് മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ മോദി നെതന്യാഹുവിനെ കാണുകയും ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ സന്ദര്‍ശിക്കുകയും നെസ്സറ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഇസ്രായേലിന്റെ വംശഹത്യാനിലപാടില്‍ പൊലിഞ്ഞുപോയത് ആയിരക്കണക്കിന് വരുന്ന സ്ത്രീകുടെയും കുഞ്ഞുങ്ങളുടെയും പുരുഷന്‍മാരുടെയും ജീവനാണ്. ഇതിനെതിരേയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. കാലങ്ങളായുള്ള ഇന്ത്യയുടെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്, നാം നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിന്നതിനെയാണ്. ഇനിയും നമ്മള്‍ അതു തുടരണമെന്നും പ്രിയങ്ക ഗാന്ധി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.