സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നു, പക്ഷെ മുന്‍പ്രഥമാധ്യാപകനും ഉത്തരവാദിത്തമുണ്ട്; കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ്

Update: 2025-07-26 06:45 GMT

കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ സര്‍ക്കാര്‍ എടുത്ത നടപടി അംഗീകരിക്കുന്നുവെന്ന് സ്‌കൂള്‍ മുന്‍മാനേജര്‍ തുളസീധരന്‍ പിള്ള. സര്‍ക്കാര്‍ നടപടിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കാനൊന്നും തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ മരണത്തേക്കാള്‍ വലുതല്ല ഈ നടപടിയെന്നും തുളസീധരന്‍ പറഞ്ഞു.

''ഇതിനുമുമ്പും ഈ അലംഭാവമൊക്കെ ഇവിടെ നടന്നിട്ടുണ്ട്. ഇതിനുമുമ്പും ഇവിടെ ഈ വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ട്. രാഷ്ട്രീയക്കാര്‍ ഇതില്‍ ലാഭം കൊയ്യാന്‍ നോക്കുകയാണ്. മുന്‍കാലപ്രാബല്യത്തില്‍ കുറ്റകരമായ അനാസ്ഥ ഇവിടുത്തെ മാനേജ്‌മെന്റിനുണ്ട്. ഞാനല്ല ഈ സൈക്കിള്‍ഷെഡ് പണിതത്. പക്ഷേ ഇങ്ങനെ ഒരപകടം ഉണ്ടായത് ഇപ്പോഴാണ്'' തുളസീധരന്‍ പിള്ള പറഞ്ഞു. കുട്ടി മരിച്ച സംഭവത്തിന്റെ ആഘാതം ഇപ്പോഴും തന്നെ വിട്ടുപോയിട്ടില്ലെന്നും അതിന്റെ വേട്ടയാടല്‍ തന്നെ എന്നും പിന്തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ്, തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റു മരിച്ചത്. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

Tags: