കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് പ്രതികരണവുമായി ഡബ്ല്യൂസിസി അംഗങ്ങള്‍. റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. 2017-ല്‍ സംഭവസമയത്ത് നടിക്ക് പിന്തുണയേകി റീമ 'അവള്‍ക്കൊപ്പം' എന്ന ബാനര്‍ ഉയര്‍ത്തിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
റീമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ച് ഉടന്‍തന്നെ രമ്യ നമ്പീശനും നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അവള്‍ക്കൊപ്പം എന്ന ചിത്രമാണ് രമ്യയും പങ്കുവെച്ചത്. കേസിന്റെ വിധി പറയുന്നതിന് മണിക്കൂറികള്‍ക്ക് മുന്‍പ്, ഇരുവരും കേസിന്റെ നാള്‍വഴികളെ ഒര്‍ത്തുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. പാര്‍വതി തിരുവോത്തും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായ രീതിയില്‍ ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നും പാര്‍വതി തിരുവോത്ത് കുറിച്ചു.
ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്.