വയനാട് ദുരിതാശ്വാസ ഫണ്ട്: കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ആകെ പിരിച്ചത് 5.38 കോടി, യൂത്ത് കോണ്‍ഗ്രസ് 1.5 കോടി, ഭൂമി വാങ്ങാന്‍ ചെലവായത് 6.18 കോടി

Update: 2026-04-04 11:10 GMT

കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. തന്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലൂടെ ആകെ 5,38,21,632 രൂപയാണ് ലഭിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് നല്‍കിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

എന്നാല്‍, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായെന്നും ഇനി വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. അഞ്ച് ഏക്കര്‍ നാല്‍പത്തി രണ്ടര സെന്റ് ഭൂമിയാണ് ഭവന നിര്‍മാണത്തിനായി ഏറ്റെടുത്തിരിക്കുന്നത്. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത് മൂന്നേക്കര്‍ 24.5 സെന്റ് ഭൂമിയാണ്. ഇതിന് 3,68,36,388 രൂപ ചെലവായെന്നും ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

രണ്ടാംഘട്ടത്തില്‍ രണ്ടേക്കര്‍ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപ ചെലവായെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്നും ഭവന നിര്‍മാണത്തിനായി 97,51,212 രൂപ ചെലവഴിച്ചു. രജിസ്ട്രേഷനടക്കമുള്ള നടപടികള്‍ക്കായി ഇനി 73,90,985 രൂപ ആവശ്യമുണ്ട്. അത് പാര്‍ട്ടി ഫണ്ടില്‍ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിര്‍മാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.