മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: കാണാതായവരെ മരിച്ചതായി കണക്കാക്കി ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍

Update: 2025-01-14 07:03 GMT

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചതായി കണക്കാക്കി ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

ദുരന്തത്തിലകപ്പെട്ട ആളുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നതല സമിതികളും രൂപീകരിക്കും. ഇതിനായി വില്ലേജ് ഓഫിസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കുകയും സമിതി തയ്യറാക്കുന്ന റിപോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കുകയും ചെയ്യും. ശേഷം, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന സംസ്ഥാന സമിതി റിപോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്തും. മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കാനും ഉത്തരവില്‍ പറുന്നുണ്ട്.

Tags: