വയനാട്: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവച്ചു. രാജിക്കത്ത് കെപിസിസിയ്ക്കു കൈമാറി. വയനാട്ടിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌പോര് ഉണ്ടായിരുന്നു. എന്നാല്‍ താന്‍ സ്വയം സ്ഥാനം ഒഴിഞ്ഞതാണെന്നാണ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞത്. എന്നാല്‍ രാജി, പാര്‍ട്ടി ചോദിച്ചു വാങ്ങിയതാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
''രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കള്‍ എന്നെ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും'' അപ്പച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ ഡി അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികള്‍ക്കെതിരെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പക്ഷത്തിലുള്ള നേതാക്കള്‍ രംഗത്തുവന്നത് വയനാട്ടില്‍ കോണ്‍ഗ്രസിന് സംഘടനാ തലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന് രാജി വയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞതെന്നും റിപോര്‍ട്ടുകളുണ്ട്.
അതേസമയം,വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.