നാഗ്പൂര്‍: മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലെ ഭോസാരി പ്രദേശത്ത് വ്യവസായ യൂണിറ്റില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു, ഏഴു പേര്‍ക്ക് പരിക്കേറ്റു. എംഐഡിസി വ്യവസായ കേന്ദ്രത്തിലെ സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്ടറിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ആവാദ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ തറനിരപ്പില്‍ നിന്ന് പ്രത്യേകം കെട്ടി ഉയര്‍ത്തിയ ടാങ്കാണ് തകര്‍ന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 200 ഓളം തൊഴിലാളികള്‍ താമസിക്കുന്ന കമ്പനിയുടെ ലേബര്‍ ക്യാംപിലെ ടാങ്കാണ് തകര്‍ന്നത്. തൊഴിലാളികള്‍ക്ക് കുളിക്കുന്നതിനായി കരാറുകാര്‍ 12 അടി നീളമുള്ള വലിയ ടാങ്ക് സ്ഥാപിച്ചിരുന്നു.
തൊഴിലാളികള്‍ ടാങ്കിനടിയില്‍ കുളിക്കുന്നതിനിടെയാണ് തകര്‍ന്നത്. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു വീണ് തൊഴിലാളികളുടെ മേല്‍ വീഴുകയായിരുന്നു. ടാങ്ക് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.