പാചകവാതക ക്ഷാമത്തോടൊപ്പം ജലവിതരണവും തടസ്സപ്പെട്ടു; സിഇടി കോളജിന് ഒരാഴ്ച അവധി
തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ (സിഇടി) ഒരാഴ്ചത്തെ നിര്‍ബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതുമൂലം ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതിനെ തുടര്‍ന്നാണ് കോളജ് അധികൃതര്‍ അടിയന്തര തീരുമാനം എടുത്തത്. കോളജ് ഹോസ്റ്റലുകള്‍ക്ക് പുറമെ ക്യാംപസിന് സമീപമുള്ള ഏകദേശം മുപ്പതോളം സ്വകാര്യ ഹോസ്റ്റലുകളും പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടി. ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് താമസ സൗകര്യമില്ലാതെ പ്രയാസത്തിലായത്.
നിലവില്‍ ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികളോട് ഉടന്‍ തന്നെ ഒഴിഞ്ഞുപോകാന്‍ ഉടമകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാചകവാതക വിതരണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം പൈപ്പുകളിലൂടെയുള്ള ജലവിതരണവും നിലച്ചതോടെ മെസ്സുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. ഭക്ഷണം പാകം ചെയ്യാനും കുളിക്കാനും പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ താമസിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് സ്വകാര്യ ഹോസ്റ്റല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. ട്രെയിനുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പലര്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അടുത്ത തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും, ജലവിതരണവും ഗ്യാസ് ക്ഷാമവും പരിഹരിക്കാത്ത പക്ഷം അവധി നീളാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.