കുവൈത്തില്‍ 'സ്വാന്‍' വാല്‍നക്ഷത്രം കാണാം

ഒക്ടോബർ 30 മുതൽ ഒരു മാസക്കാലം ദൃശ്യമാകും

Update: 2025-10-29 05:11 GMT

കുവൈത്ത് സിറ്റി: അടുത്ത ഒരു മാസത്തേക്ക് കുവൈത്തിന്റെ ആകാശത്ത് 'സ്വാന്‍' (C/2025 R2 SWAN) വാല്‍നക്ഷത്രത്തെ കാണാന്‍ കഴിയും. സൂര്യാസ്തമയത്തിന് ശേഷം ബൈനോക്കുലര്‍ ഉപയോഗിച്ച് അര്‍ദ്ധരാത്രിവരെ വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാമെന്ന് ഷെയ്ഖ് അബ്ദുല്ല അല്‍ സാലിം കള്‍ച്ചറല്‍ സെന്ററിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര മ്യൂസിയം അറിയിച്ചു.

യുക്രൈന്‍ ജ്യോതിശാസ്ത്രജ്ഞനായ വ്ളാഡിമിര്‍ ബെസുഗ്ലിയാണ് കഴിഞ്ഞ മാസം സ്വാന്‍ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. ഏകദേശം 654 വര്‍ഷം ദൈര്‍ഘ്യമുള്ള പരിക്രമണകാലമുള്ള ദീര്‍ഘകാല വാല്‍നക്ഷത്രമാണ് ഇത്.

ഭൂമിയില്‍ നിന്ന് 43 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് സ്വാന്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. ഒക്ടോബര്‍ 21ന് വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തിയിരുന്നു. ഈ മാസം 30ഓടെ ഇതിന്റെ പ്രകാശതീവ്രത 10.7+ മാഗ്‌നിറ്റിയൂഡിലേക്ക് എത്തുമെന്ന് നിരീക്ഷകര്‍ അറിയിച്ചു. അതിനുശേഷം ക്രമേണ വാല്‍നക്ഷത്രം മങ്ങുകയും ബഹിരാകാശത്തിന്റെ ആഴത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: