അദാനി ഗ്രൂപ്പില്‍ എല്‍ഐസി വന്‍ നിക്ഷേപം നടത്തിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; നിഷേധിച്ച് എല്‍ഐസി, അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ഓഹരികളില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി 33,000 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും അത് മോദിയുടെ രക്ഷാപദ്ധതിയാണെന്നും യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. അദാനി ഗ്രൂപ്പിനെതിരെ യുഎസ് സര്‍ക്കാര്‍ കൈക്കൂലി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ യുഎസ്-യൂറോപ്യന്‍ ബാങ്കുകള്‍ അദാനിയുടെ വായ്പാ അപേക്ഷ നിരസിച്ചെന്നും അത് മറികടക്കാനാണ് എല്‍ഐസിയെ ഉപയോഗിച്ചതെന്നും റിപോര്‍ട്ട് ആരോപിക്കുന്നു.
മേയ് മാസത്തില്‍ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് 15 വര്‍ഷക്കാലാവധിയുള്ള 5,000 കോടി രൂപയുടെ കടപ്പത്രങ്ങള്‍ (എന്‍സിഡി) പുറത്തിറക്കിയപ്പോള്‍ വാങ്ങിയത് എല്‍ഐസി മാത്രമായിരുന്നു. 7.75% റിട്ടേണ്‍ ഉറപ്പുനല്‍കുന്ന കടപ്പത്രങ്ങളായിരുന്നു അത്. അദാനിക്ക് ഡോളറില്‍ തീര്‍ക്കേണ്ട കടബാധ്യതകള്‍ക്കായി പണം ആവശ്യമായിരുന്ന സമയത്തായിരുന്നു എല്‍ഐസി നിക്ഷേപമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. എല്‍ഐസിയുടെ ഫണ്ടുകള്‍ അംബുജ സിമന്റ്‌സ്, അദാനി ഗ്രീന്‍ എനര്‍ജി തുടങ്ങിയ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഉപയോഗിക്കണമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി എല്‍ഐസി തയാറാക്കിയ നിക്ഷേപപദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ട് ആരോപിച്ചു.
അതേസമയം, എല്‍ഐസിയുടെ ഫണ്ട് ദുരുപയോഗമാണ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. അദാനിക്കുവേണ്ടി എല്‍ഐസിയെ കേന്ദ്രം ദുരുപയോഗം ചെയ്‌തെന്നും ഗുരുതരമായ വിഷയമാണിതെന്നും ആരോപിച്ച കോണ്‍ഗ്രസ്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പിഎസി) അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. 'മോദാനി' സംയുക്ത സംരംഭം എല്‍ഐസിയെ തന്ത്രപരമായി അദാനിക്കുവേണ്ടി ഉപയോഗിച്ചതിന്റെ തെളിവാണിതെന്നും 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യമാണ് ദുരുപയോഗം ചെയ്തതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് അവാസ്തവവും സത്യവിരുദ്ധവുമാണെന്ന് എല്‍ഐസി അവകാശപ്പെട്ടു.
