യുദ്ധം ഡിജിറ്റല്‍ ലോകത്തേക്ക്; കടല്‍ക്കേബിളുകള്‍ക്ക് ഭീഷണി, ഇന്റര്‍നെറ്റ് തടസ്സപ്പെടാന്‍ സാധ്യത
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വ്യാപിക്കുന്ന സംഘര്‍ഷം ആഗോള ഇന്റര്‍നെറ്റ് ശൃംഖലയെ പോലും ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഉയരുന്നു. കടലിനടിയിലൂടെ പോകുന്ന ഡാറ്റാ കേബിളുകള്‍ക്ക് നേരെയുണ്ടാകാവുന്ന ആക്രമണങ്ങള്‍ ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാന്‍ കാരണമാകാമെന്നാണ് മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന പ്രധാന കേബിളുകള്‍ യുദ്ധഭീഷണിയിലാണ്. ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17 ശതമാനം റെഡ് സീ മേഖലയിലൂടെയാണ് സഞ്ചരിക്കുന്നത്.
ഈ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നെറ്റ് തടസ്സത്തിന് ഇടയാക്കാം. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ ഏകദേശം 60 ശതമാനം മുംബൈയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഗള്‍ഫ് മാര്‍ഗങ്ങളിലൂടെയാണ് പോകുന്നത്. ഈ ശൃംഖല തകരുകയാണെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, ഐടി മേഖല എന്നിവയെല്ലാം ഗുരുതരമായി ബാധിക്കും.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നിവയുടെ ഡാറ്റാ സെന്ററുകളും സൗദി അറേബ്യയിലും യുഎഇയിലും പ്രവര്‍ത്തിക്കുന്നതിനാല്‍ യുദ്ധഭീഷണിയിലാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് തടസ്സമുണ്ടായാല്‍ ക്ലൗഡ് സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശൃംഖലകളും തകരാറിലാകും. യുദ്ധമേഖലകളില്‍ കേബിളുകള്‍ തകരാറിലായാല്‍ അവ പുനസ്ഥാപിക്കാന്‍ വിദഗ്ധര്‍ക്ക് എത്താന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാകും. ഇതിനിടെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഇതിനകം തന്നെ തടസ്സം അനുഭവപ്പെടുന്നുണ്ട്.
ഡിജിറ്റല്‍ രംഗത്തേക്കും സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. ഇന്റര്‍നെറ്റ് തടസ്സം നേരിടാനുള്ള സാധ്യത കണക്കിലെടുത്ത് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
