വഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

Update: 2025-07-04 16:29 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. വഖ്ഫ് രജിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്, ഓഡിറ്റ് തുടങ്ങിയ കാര്യങ്ങളില്‍ ചട്ടങ്ങളുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അവകാശം. വഖ്ഫ് പോര്‍ട്ടലിന്റെ ചുമതല കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്കായിരിക്കും. എല്ലാ വഖ്ഫ് സ്വത്തിനും പ്രത്യേക നമ്പറുകള്‍ നല്‍കും. വഖ്ഫ് രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ ഓഫീസറായി ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണം.

മുതവല്ലിമാര്‍ ഫോണ്‍ നമ്പറും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ച് വഖ്ഫ് സ്വത്തുക്കള്‍ എന്റോള്‍ ചെയ്യണം. സര്‍വേ നടത്തി സംസ്ഥാനസര്‍ക്കാരുകള്‍ വഖ്ഫ് പട്ടിക പ്രസിദ്ധീകരിക്കണം. വഖ്ഫിന്റെ അതിര്‍ത്തി, ഉപയോഗം, ആരാണ് ഉപയോഗിക്കുന്നത്, ആരാണ് വഖ്ഫ് ചെയ്തത്, എന്നാണ് വഖ്ഫ് ചെയ്തത്, ഏതു രീതിയിലാണ് വഖ്ഫ് ചെയ്തത്, വഖ്ഫിന്റെ ഉദ്ദ്യേശം, നിലവിലെ മുതവല്ലി ആരാണ് തുടങ്ങിയ വിവരങ്ങളും ഉണ്ടാവണം. വഖ്ഫിന്റെ പട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ വഖ്ഫ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. പുതിയ നിയമം വന്നതിന് ശേഷം വഖ്ഫ് ചെയ്ത സ്വത്തുക്കള്‍ മൂന്നു മാസത്തിനുള്ളില്‍ വഖ്ഫ് ബോര്‍ഡിന് അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യണം.