വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമനം മറ്റൊരു 80:20 ന്റെ മുന്നൊരുക്കം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

കെഎസ്ആര്‍ പ്രകാരവും, ഭരണഘടനാപ്രകാരവും, ഈ നിയമനത്തെ മറ്റു വിഭാഗങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍, മെറിറ്റ് നിയമനങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കേണ്ടി വരികയും, സംവരണ നിയമപ്രകാരം മുസ്‌ലിം സമുദായം 12% ത്തില്‍ ഒതുങ്ങി പോവുകയും ചെയ്യും

Update: 2021-11-10 10:46 GMT

കോട്ടയം: കേരളത്തിലെ എയ്ഡഡ്, പൊതുമേഖല സ്ഥാപനങ്ങളിലേയും യൂണിവേഴ്‌സിറ്റികളിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെയുമടക്കം പതിനായിരകണക്കിനു നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാത്ത സര്‍ക്കാര്‍ കേവലം മുന്നോ, നാലോ, പേരുടെ നിയമനം മാത്രം പ്രതീക്ഷിക്കുന്ന വഖഫ് ബോര്‍ഡ് നിയമനം മാത്രം പിഎസ്‌സിക്ക് വിടുന്നത് പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം. നിയമനങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമെന്നു നിഷ്‌കര്‍ഷിച്ചാല്‍,സര്‍ക്കാര്‍ ജോലി ഒരു വിഭാഗത്തിനു മാത്രമായി നിജപ്പെടുത്തുന്നുവെന്ന പേരില്‍ 80 :20 അനുപാതം പോലെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും മറ്റൊരു വിവാദത്തിലേക്കും, സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു വഴിവെക്കുമെന്നു മാത്രമല്ല മറ്റു മേഖലകളില്‍ സമുദായത്തിന്റെ അവസരങ്ങള്‍ ഇല്ലാതാക്കുവാനും സാധ്യതയുണ്ടെന്നും കേവലം 125 താഴെ മാത്രം വരുന്ന വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം അതിനുപിന്നിലുള്ള അജണ്ട സംശയാസ്പദമാണ്.

കെഎസ്ആര്‍ പ്രകാരവും, ഭരണഘടനാപ്രകാരവും, ഈ നിയമനത്തെ മറ്റു വിഭാഗങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍, മെറിറ്റ് നിയമനങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കേണ്ടി വരികയും, സംവരണ നിയമപ്രകാരം മുസ്‌ലിം സമുദായം 12% ത്തില്‍ ഒതുങ്ങി പോവുകയും ചെയ്യും.

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു വിട്ട കാരണങ്ങള്‍ എന്തുകൊണ്ട് വഖഫ് ബോര്‍ഡിന്റെ നിയമനങ്ങളില്‍ ബാധകമാകുന്നില്ലന്നില്ല. ഇരട്ട നീതി പാടില്ല, ഈ തീരുമാനം മുസ്‌ലിം വിശ്വാസങ്ങളെ ഹനിക്കുന്നതും, ന്യൂനപക്ഷ വിരുദ്ധവും, ഒരു സമുദായത്തോടു കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന രാഷ്ട്രീയ പകപോക്കലിനു ഉദാഹരണവുമാണ്. യോഗം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി ഒ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ,പിഎസ് ഹുസൈന്‍, എസ് എം ഫുവാദ്, എന്‍എ ഹബീബ്, സമീര്‍ മൗലാനാ സംസാരിച്ചു.

Tags: